About Us
ജീവിതസായാഹ്നം സമാധാനപരവും, സന്തോഷഭരിതവും, ശാന്തസുന്ദരവും ആക്കിത്തീര്‍ക്കുന്നതിനു വേണ്ടിയുള്ള ഒരു എളിയ ശ്രമമാണിത്. പ്രായമേറുമ്പോള്‍ ഡ്രൈവിങ്ങും സൗഹൃദസന്ദര്‍ശനങ്ങളും ശ്രമകരവും ബുദ്ധിമുട്ടേറിയതുമാകും. എന്നാല്‍ ഞങ്ങള്‍ വിഭാവനം ചെയ്യുന്ന റിട്ടയര്‍മെന്റ് കമ്യൂണിറ്റിയിലാകട്ടെ, സമപ്രായക്കാരും, സമാന ചിന്താഗതിക്കാരുമായ സുഹൃത്തുക്കളുടെ സാന്നിധ്യവും പരസ്പര സഹായവും ഒരു വിളിപ്പുറത്തുണ്ട്. ഏവര്‍ക്കും പരസ്പരം ചെയ്തു കൊടുക്കുവാൻ സാധിക്കുന്ന കൊച്ചു കൊച്ചു സഹായങ്ങളിലൂടെ അന്യോന്യം താങ്ങും തണലുമാവുക എന്നതാണ് നമ്മുടെ ലക്‌ഷ്യം.
ഞങ്ങളുടെ ഈ സംരംഭം 'ലാഭം' മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു ബിസിനസ് പ്രസ്ഥാനമല്ല. സാമ്പത്തിക ലാഭ-നഷ്ടങ്ങളുടെ കണക്കിനേക്കാൾ ഉപരി നമ്മുടെ കൂട്ടായ്മയ്ക്കും പരസ്പര സഹായത്തിനും സന്തോഷത്തിനും പ്രാധാന്യം നല്‍കികൊണ്ടുള്ള ഒരു സംരംഭമാണിത്. ജീവിതപങ്കാളിയില്‍ ഒരാള്‍ കിടപ്പിലാകുന്ന അവസ്ഥയിലും ഒറ്റയ്ക്കാകുന്ന സാഹചര്യത്തിലും ഈ പ്രസ്ഥാനം കൂടുതല്‍ അർത്ഥവത്തായി മാറും എന്നതില്‍ സംശയമില്ല. ഒറ്റയ്ക്ക് താമസിക്കൂമ്പോളുള്ള വിരസതകളിൽ നിന്ന് ശാശ്വത മോചനമാണ് റിട്ടയർമെന്റ് കമ്മ്യൂണിറ്റികൾ നൽകുന്നത്.

മക്കള്‍ തങ്ങളുടെ മാതാപിതാക്കളെ വാർദ്ധക്യത്തിൽ ശുശ്രൂഷിക്കുന്നതു കണ്ടു വളര്‍ന്ന നമ്മുടെ തലമുറ ഇന്ന് 'നമുക്ക് നാം മാത്രം' എന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. വിദേശങ്ങളില്‍ മാത്രമല്ല നാട്ടിലെസ്ഥിതിയും ഇപ്പോൾ ഇതിൽ നിന്നും വിഭിന്നമല്ല. 'ബർട്ടൺ വില്ലാസ്' പോലുള്ള റിട്ടയര്‍മെന്റ് കമ്യൂണിറ്റികള്‍ ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമായി തീർന്നിരിക്കുകയാണ്.
വീടുകള്‍ സ്ഥിതി ചെയ്യുന്നത് ഒരേക്കർ സ്ഥലത്തായതു കൊണ്ട് ഒരു വിനോദമെന്ന നിലയില്‍ താല്‍പര്യമുള്ളവര്‍ക്ക് കൃഷി ചെയ്യുന്നതിനും പക്ഷിമൃഗാദികളെ വളര്‍ത്തുന്നതിനുമുള്ള സൗകര്യം ഇവിടെയുണ്ട്. ആദ്യഘട്ടത്തിലുള്ള 15ലോട്ടുകളില്‍ 5 എണ്ണം കൂടി മാത്രമേ ഇനി ബാക്കിയുള്ളു. രണ്ടാം ഘട്ടത്തില്‍ 15ലോട്ടുകൾ കൂടി വികസിപ്പിച്ചെടുക്കുന്നതിനുള്ള സൗകര്യംഇവിടെയുണ്ട്. ഈ പ്രൊജക്ട്പൂര്‍ണമാകുമ്പോൾ ഇവിടെ സ്വിമ്മിംഗ് പൂള്‍, ക്ലബ് ഹൗസ്, ജിംനേഷ്യം, കളിസ്ഥലം തുടങ്ങിയവയും വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു.
മക്കള്‍ അവരുടെ ജീവിതം കരുപിടിപ്പിക്കാന്‍ തത്രപ്പെടുന്ന അവസരത്തില്‍ അവര്‍ക്ക് കൂടുതല്‍ ഭാരമാകുവാൻ മാതാപിതാക്കളാരും ആഗ്രഹിക്കുന്നില്ല. അവർക്ക് നമ്മുടെ സഹായം ആവശ്യമുള്ളപ്പോൾ, അല്ലെങ്കിൽ നമുക്ക് അവരെ കാണണമെന്ന ആഗ്രഹം ജനിക്കുമ്പോൾ Houston/Austin നിൽ നിന്ന് അമേരിക്കയിൽ എവിടേയും എത്തിപെടുവാൻ രണ്ടോ മൂന്നോ മണിക്കൂർ നേരത്തെ വിമാനയാത്രയുടെ സമയമേ വേണ്ടതുള്ളു.
ഞങ്ങളുടെ അതിഥികളായി ഇവിടെ വന്ന് താമസിച്ച് കാര്യങ്ങള്‍ സ്വയം നേരില്‍ കണ്ട് മനസ്സിലാക്കി തീരുമാനമെടുക്കാന്‍ സമാന-മനസ്‌കരെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.